ചേർത്തല: ചെങ്ങണ്ടവളവ് മുതൽ കാളികുളം ജംഗ്ഷൻ വരെയും വാരനാട് ക്ഷേത്രം വഴി വാരനാട് ജംഗ്ഷൻ വരെയുമുള്ള റോഡ് ടാറിംഗ് ആരംഭിച്ചു. ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കുന്ന 4.28 കിലോമീറ്റർ നീളമുള്ള റോഡിന്റെ ആദ്യഘട്ട ടാറിംഗ് ആണ് ആരംഭിച്ചത്. ഓടനിർമാണം, കരിങ്കല്ല് ഉപയോഗിച്ചുള്ള സംരക്ഷണഭിത്തി, സ്ഥല ലഭ്യതയുള്ള ഇടങ്ങളിൽ ഇന്റർലോക്ക് കട്ട പാകൽ, റോഡ് മാർക്കിംഗ്, റോഡ് സുരക്ഷ പ്രവൃത്തികൾ എന്നിവയും റോഡ് നിർമാണത്തിന്റെ ഭാഗമാണ്.
ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒമ്പതു കോടി രൂപ ഉപയോഗിച്ചാണ് റോഡ് നിർമാണം. ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വിലവർധന കാരണം റോഡ് നിർമാണങ്ങൾ പ്രതിസന്ധിയിലായിരുന്നു.
തുടർന്ന് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ടാർവിലയിലുള്ള വർധന സർക്കാർ അനുവദിച്ച് ഉത്തരവാകുകയും ചെയ്തതിന്റെ ഫലമായാണ് റോഡ് നിർമാണം പുനരാരംഭിച്ചത്. കാളികുളം-മുട്ടത്തിപ്പറമ്പ് റോഡ്, വല്ലയിൽ-ചമ്പക്കാട് റോഡ് എന്നിവയുടെ ടാറിംഗ് ഉടന്‍ തന്നെ പൂർത്തീകരിക്കുമെന്ന് പി. പ്രസാദ് എംഎൽഎ അറിയിച്ചു.